ഓക്‌സിജൻ ക്ഷാമം; ഇന്ത്യയ്ക്ക് സഹായം നീട്ടി സൗദി: 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ എത്തിക്കും

  • 25/04/2021

ന്യൂ ഡെൽഹി: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനാണ് തീരുമാനം.

റിയാദിലെ ഇന്ത്യൻ എംബസിയാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റിൽ വ്യക്തമാക്കി. ദമാമിൽ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്‌സിജനും എത്തിക്കുക.

ക്രയോജനിക് ടാങ്കുകൾക്ക് പുറമേ, സൗദിയിൽ നിന്ന് 5000 മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ ഔസാഫ് സഈദിന് അദ്ദേഹം ഇക്കാര്യത്തിൽ നന്ദിയറിയിച്ചു.

Related News