കൊറോണ പടരുന്നു; ധാരാവി അടച്ചിടാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു

  • 09/04/2020

മുംബൈ: കൊറോണ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ധാരാവി ചേരി പൂർണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ധാരാവിയിൽ രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം. നിലവിൽ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഒരാഴ്ച മുമ്പാണ് ധാരാവിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള ഇയാൾ മരിക്കുകയും ചെയ്തു. ബുധനാഴ്ച 64 വയസുള്ള ഒരാൾകൂടി രോഗം ബാധിച്ച് മരിച്ചു. ഒരാഴ്ചക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്.

രണ്ടുപേർ മരിച്ച ധാരാവിയിലെ ബാലികാ നഗർ എന്ന ചേരിപ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ധാരാവിയിൽ രോഗം പടർന്നുപിടിച്ചാൽ അത് നിയന്ത്രിക്കുക സർക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്. ഇതേ തുടർന്നാണ് ചേരി പൂർണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിർദ്ദേശം സർക്കാർ പരിഗണിക്കുന്നത്.

10 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ധാരാവി. നിലവിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ജനങ്ങൾ ഇവിടെ പാലിക്കുന്നില്ല.

Related News