സൗദി എയർലൈൻസ് വിദേശികൾക്കുള്ള കോവിഡ് ക്വാറന്റൈൻ പാക്കേജ് പ്രഖ്യാപിച്ചു

  • 18/05/2021

റിയാദ്: ഈ മാസം 20 മുതൽ സൗദി അറേബ്യയിലെത്തുന്ന വിദേശികൾക്കുള്ള കോവിഡ് ക്വാറന്റൈൻ പാക്കേജ് സൗദി എയർലൈൻസ് പ്രഖ്യാപിച്ചു. എയർലൈൻസിന്റെ വെബ്‌സൈറ്റിൽ ഇന്നലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളോടെയാണ് പാക്കേജ്.

ത്രീ സ്റ്റാർ ഹോട്ടൽ താമസം, ടിക്കറ്റ്, മൂന്നു നേരം ഭക്ഷണം, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് യാത്ര, രണ്ടു കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന പാക്കേജിന് ജിദ്ദയിൽ 2425 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ഫോർ സ്റ്റാറിന് 3000 റിയാലും ഫൈവ് സ്റ്റാറിന് 5000 മുതൽ 9000 റിയാൽ വരെയുമാണ് ചാർജ്.

റിയാദിൽ ത്രീ സ്റ്റാറിന് 3000 റിയാൽ, ഫോർ സ്റ്റാറിന് 5000 റിയാൽ, ഫൈവ് സ്റ്റാറിന് 8000 റിയാൽ വരെയുമാണ്. ദമാമിൽ ത്രീ സ്റ്റാറിന് 3200 റിയാൽ, ഫോർ സ്റ്റാറിന് 3500 റിയാൽ, മദീനയിൽ ത്രീ സ്റ്റാറിനും ഫോർ സ്റ്റാറിനും 2500 റിയാൽ, ഫൈവ് സ്റ്റാറിന് 3400 റിയാൽ എന്നിങ്ങനെയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ആറ് രാത്രിക്കാണ് ഈ പാക്കേജ്.

മെയ് 8 മുതൽ ജൂൺ 30 വരെയുള്ള തിയ്യതികളിലേക്ക് മാത്രമാണ് നിലവിലെ പാക്കേജ്. എല്ലാ ക്ലാസ് യാത്രക്കാർക്കും പാക്കേജ് ലഭ്യമാണ്. ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ വഴിയും പാക്കേജ് ബുക്ക് ചെയ്യാം. ബുക്കിംഗ് പിന്നീട് റീ ഫണ്ട് ചെയ്യില്ല. ക്വാറന്റൈനിനെത്തുന്നവർ ഹോട്ടലിൽ ഡെപ്പോസിറ്റ് പണം നൽകേണ്ടിവരും. തിരിച്ചുപോകുമ്പോൾ ഇത് റീഫണ്ട് ചെയ്യും. പ്രാതൽ, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെട്ടതാണ് പാക്കേജ്. ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഭക്ഷണം സൗജന്യമായിരിക്കും. അവർക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാം. ഡബിൾ റൂമിൽ രണ്ടുകുട്ടികളിലധികം ഉണ്ടാവരുത്. ഏഴു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാമെങ്കിലും പണം നൽകേണ്ടിവരും. എയർലൈൻസ് വ്യക്തമാക്കി.

Related News