സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി ബഹ്റൈന്റെ പുതിയ തീരുമാനം

  • 21/05/2021

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി ബഹ്റൈന്റെ പുതിയ തീരുമാനം. റസിഡന്റ് വിസ ഇല്ലാത്തവരെ ബഹ്റൈനിൽ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം ഇന്ന് മുതൽ നടപ്പാവും. ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീനിൽ കഴിയണം എന്ന നിബന്ധന പാലിക്കാനുള്ള ഏക ഇടത്താവളം ബഹ്റൈൻ മാത്രമായിരുന്നു.

ബഹ്റൈനിൽ റസിഡന്റ് വിസ ഇല്ലാത്തവരെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്ന പുതിയ തീരുമാനമാണ് ഇപ്പോൾ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. സൗദി പ്രവാസികളെ മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളിൽ പോകാനും ബഹ്റൈൻ ഇടത്താവളമാക്കുന്നവരെയും  പ്രയാസത്തിലാക്കുന്നതാണ് ഈ തീരുമാനം. സൗദിയിലേക്ക് പോകുന്നവർ ബഹ്റൈൻ വിസിറ്റ് വിസ എടുത്തു അവിടെ ഇറങ്ങി 14 ദിവസം തങ്ങിയ ശേഷമാണ് ഇതുവരെ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ആ വഴിയാണ് ഇപ്പോൾ അടഞ്ഞത്. ബഹ്റൈനിൽ നിലവിൽ തൊഴിൽ വിസയൊ മറ്റു നിലയിലുള്ള റസിഡന്റ് വിസയോ ഇല്ലാത്ത വിദേശികൾക്ക് വിസിറ്റ് വിസ നൽകേണ്ട എന്നാണ് തീരുമാനം.

ജൂൺ 3 വരെയാണ് താൽക്കാലിക വിലക്ക് ഏർപെടുത്തിയിരിക്കുന്നതെങ്കിലും കൊറോണ സാഹചര്യം വിലയിരുത്തി നീട്ടാനാണ് സാധ്യത. സൗദിയിലേക്ക് പുറപ്പെടാൻ ബഹ്റൈൻ പാക്കേജ് ബുക്ക് ചെയ്തു കാത്തിരുന്നവരെയെല്ലാം ഈ തീരുമാനം അതീവ ദുഃഖത്തിലാഴ്ത്തി.

Related News