ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം: പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്

  • 24/05/2021

ജിദ്ദ: ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി സൗദി. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്‍റെ ഉത്തരവ് ഉത്തരവിട്ടു. ജൂൺ 2021വരെയാണ് കാലാവധി നീട്ടിനൽകുക.

സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാകാലാവധിയാണ് സൗജന്യമായി പുതുക്കുക. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും.

ഘട്ടം ഘട്ടമായി പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് പൂർത്തിയാക്കും. നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. 

ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഈ അവസരത്തിൽ സൽമാൻ രാജാവിന്‍റെ പ്രഖ്യാപനം പ്രവാസികൾക്കാണ് ഗുണകരമാവുക. നിലവിൽ ജൂൺ രണ്ടു വരെയാണ് രേഖകൾ സൗജന്യമായി പുതുക്കുന്നതെങ്കിലും യാത്രാവിലക്ക് നീളുകയാണെങ്കിൽ ഈ പരിധി നീട്ടാനും സാധ്യത നിലനിൽക്കുന്നുണ്ട്.

Related News