15 മാസമായി കുവൈത്തില്‍ കുടുങ്ങിയ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചു

  • 04/06/2021

കുവൈത്ത് സിറ്റി: നീണ്ട 15 മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ കുവൈത്തില്‍ കുടുങ്ങിയ 16 നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യന്‍ എംബസിയുടെ നിരന്തര ഇടപെടലിന്‍റെ ഭാഗമായാണ് ഇത് സാധ്യമായത്. എം വി യുഎല്‍എ എന്ന ഷിപ്പിലെ ജീവനക്കാര്‍ എയര്‍ ഇന്ത്യ എഎല്‍ 1902 എന്ന വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുള്ളത്. 

കപ്പലിന്‍റെ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള തര്‍ക്കവും നിയമപോരാട്ടവും മൂലമാണ് ജീവനക്കാര്‍ കുവൈത്തിലെ ഷുയിബ പോര്‍ട്ടില്‍ അകപ്പെട്ടു പോയത്. 16 ഇന്ത്യക്കാരെ കൂടാതെ തുര്‍ക്കി, ബംഗ്ലാദേശ്, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ജീവനക്കാരും കുവൈത്തില്‍ കുടുങ്ങിയിരുന്നു. 

വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പരിഹാരത്തിനായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് അധികൃതരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് 16 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.

Related News