സൗദിയിൽ വാക്‌സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ മാളുകളിൽ വിലക്ക്

  • 14/06/2021

ജിദ്ദ: ഓഗസ്റ്റ് ഒന്നു മുതൽ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലെ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ. ചുരുങ്ങിയത് ഒരു വാക്സിനെങ്കിലും എടുത്തവർക്ക് മാത്രമേ മാളുകളിൽ പ്രവേശനം അനുവദിക്കൂ. വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുർറഹ്‌മാൻ അൽ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പൂർണമായോ ഭാഗികമായോ വാക്സിൻ എടുത്തിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആരോഗ്യ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർക്ക് വിലക്ക് ബാധകമാവില്ല.

സൗദിയിലെ 12നും 18നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ വിതരണം ചെയ്യുന്ന കാര്യം ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടാകും. രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതിനികം 1.6 കോടി ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. 1.45 കോടിയോളം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related News