ജോലിക്കാർ തമ്മിലുള്ള വാക്ക്​ തർക്കം കത്തിക്കുത്തായി: സൗദിയിൽ മലയാളി സെയിൽസ്​മാൻ കൊല്ലപ്പെട്ടു

  • 16/06/2021


ദമ്മാം: കമ്പനിയിലെ ജോലിക്കാർ തമ്മിലുള്ള വാക്ക്​ തർക്കം കത്തിക്കുത്തായി മാറി മലയാളി സെയിൽസ്​മാൻ കൊല്ലപ്പെട്ടു. സൗദിയിലെ പ്രമുഖ പാൽവിതരണ വാനിലെ സെയിൽസ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനൽ (35) ആണ്​ കൊല്ലപ്പെട്ടത്​. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുടെ കു​ത്തേറ്റാണ്​ സനൽ മരിച്ചതെന്ന്​ കരുതുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ ജബൽ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം.

കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്​. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലി​ൻ്റെ സുഹൃത്തുക്കൽ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നത്രേ.

ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. തർക്കം മുർച്​ഛിച്ചതാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു.

ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്​. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി. ആറ്​ വർഷമായി സൗദിയിൽ പ്രവസിയായ സനലിന്​ നാട്ടിൽ അമ്മയും, പെങ്ങളുമുണ്ട്.

Related News