സൗദിയിൽ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി

  • 21/06/2021

റിയാദ്: സൗദി അറേബ്യയിൽ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കരിക്കാൻ നിൽക്കുന്ന രണ്ട് വരികൾക്കിടയിൽ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം. ഓരോ നിർബന്ധിത നമസ്‌കാര സമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കൊവിഡിന് മുമ്പുണ്ടായ സ്ഥിതിയിലേത് പോലെ ദീർഘിപ്പിച്ചു.

ഫജ്ർ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10 മിനുട്ട്, മറ്റു നമസ്‌കാരങ്ങളിൽ 20 മിനുട്ട് എന്നിങ്ങനെയാണ് ഇനി മുതൽ സമയം പാലിക്കേണ്ടത്. പള്ളികളിൽ ഖുർആൻ പാരായണത്തിനായി വിശ്വാസികൾക്ക് ലഭ്യമാക്കും. പള്ളികളിൽ ഇസ്ലാമിക പ്രഭാഷണങ്ങൾ നടത്താൻ അനുവദിക്കും. എന്നാൽ ഇത് കൃത്യമായ സമൂഹ അകലവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാവണം. പള്ളിക്കകത്ത് വാട്ടർ കൂളറുകളും റഫ്രിജറേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി പള്ളികൾ ബാങ്കിന് ഒരു മണിക്കൂർ മുമ്പ് മാത്രമേ തുറക്കാവൂ. ജുമുഅ നമസ്‌കാരം കഴിഞ്ഞു 30 മിനുട്ടിന് ശേഷം പള്ളി അടക്കുകയും വേണം.

ജുമുഅ പ്രഭാഷണം 15 മിനുട്ടിൽ കൂടാൻ പാടില്ല. മാസ്‌ക് ധരിക്കുക, അംഗസ്‌നാനം (വുദു) വീട്ടിൽ നിന്ന് തന്നെ ചെയ്തുവരിക, പള്ളിയിൽ വരുമ്പോൾ നമസ്‌കാര വിരി (മുസല്ല) കൊണ്ടുവരിക, പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും തിരക്ക് ഉണ്ടാക്കാതിരിക്കുക, പള്ളിക്കകത്ത് ഒന്നര മീറ്റർ അകലം പാലിക്കുക, പള്ളിയിൽ പ്രവേശിക്കാൻ എല്ലാ വശത്തുനിന്നും വഴികൾ തുറന്നിടുക തുടങ്ങിയ എല്ലാ പ്രതിരോധ നടപടികളും അതേപടി തുടരും.

Related News