ഒന്നും രണ്ടും ഡോസുകളായി വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിനുകള്‍ സ്വീകരിക്കാമെന്ന് സൗദി

  • 24/06/2021


റിയാദ്: കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് ഒന്നും രണ്ടും ഡോസുകളായി വ്യത്യസ്ത കമ്പനികളുടെ വാക്സിനുകള്‍ സ്വീകരിക്കാമെന്ന് സൗദി ആരോഗ്യമന്ത്രാലയം. രണ്ടാം ഡോസ് വാക്സിൻ ആദ്യ ഡോസെടുത്ത കമ്പനിയുടേതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു കമ്പനിയുടേത് സ്വീകരിക്കാമെന്നാണ് മന്ത്രാലയം അറിയിച്ചത്. 

രാജ്യാന്തര തലത്തില്‍ നടന്ന ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ നാഷനൽ കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും സമിതി അറിയിച്ചു. 

ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ നിലവിൽ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. ഇവയിൽ ഫൈസര്‍, ആസ്ട്ര സെനക എന്നിവ മാത്രമാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തുവരുന്നത്.

Related News