സൗദിയിൽ മലയാളി നഴ്സിൻറെ ആത്മഹത്യ; പരാതിയിൽ പൊലീസ് അന്വേഷണം

  • 29/06/2021


റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ 21നാണ് കൊല്ലം അഞ്ചൽ സ്വദേശിയായ മുഹ്സിനയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുഹ്സിനയുടെ കുടുംബം നാട്ടിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
 
സ്ത്രീധന പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഹ്സിനയുടെ ഭർത്താവ് സമീർ റിയാദിലാണ് ജോലി ചെയ്യുന്നത്. ഇയാൾ മുഹ്സിനയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലം റൂറൽ എസ്പി കെ.ബി.രവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ടാണ് മുഹ്സിന ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇക്കാര്യത്തിൽ ദുരൂഹത ആരോപിച്ചാണ് മുഹ്സിനയുടെ മാതാപിതാക്കളായ റുക്കിയ ബീവിയും അബ്ദുൾ സലാമും പരാതി നൽകിയത്. സമീറിൽ നിന്നും മകൾ മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പണത്തിനു വേണ്ടിയായിരുന്നു നിരന്തരമായുള്ള ഉപദ്രവം എന്നും പറയുന്നു.

സമീറിനെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് പുറമെ ഇന്ത്യൻ എംബസിയിലും കുടുംബം പരാതി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ മുഹ്സിനയുടെ ഭർത്താവോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related News