സൗദിയിൽ രണ്ട് ചൈനീസ് കോവിഡ് വാക്സീനുകള്‍ കൂടി

  • 12/07/2021

റിയാദ്: സൗദിയിൽ പുതിയ രണ്ടു വാക്സിനുകൾ കൂടി ഇടം പിടിച്ചു. സൗദി പ്രവാസികൾക്ക് ‘തവക്കൽന’യുമായി ബന്ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയ സൈറ്റിലും സൗദിയിലേക്ക് വരുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള മുഖീം സൈറ്റിലും ചൈനയുടെ സിനോഫാം, സിനോവാക് എന്നീ രണ്ട് വാക്‌സിനുകളാണ് ഇടം പിടിച്ചത്.

ചൈനീസ് വാക്സിൻ സൗദി ആരോഗ്യ മന്ത്രാലയത്തിൽ ഇടം നേടിയത് ഇന്ത്യൻ പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യയുടെ കൊവാക്സിനും ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തീരുമാനം കൂടി വരികയാണെങ്കിൽ നേരത്തെ ഇന്ത്യയിൽ നിന്നും കൊവാക്സിൻ സ്വീകരിച്ച ആയിരക്കണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.

തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്ട്രേഷനായി കയറുന്ന ഘട്ടത്തിൽ സ്വീകരിച്ച്‌ വാക്സിൻ തിരഞ്ഞെടുക്കുന്ന കോളത്തിൽ സിനോഫാം, സിനോവാക് വാക്സിനുകൾ ഇപ്പോൾ ചേർത്തിട്ടുണ്ട്. തവക്കൽന അപ്‌ഡേറ്റ് ചെയ്യുന്ന അവസരത്തിൽ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം.

ഈ രണ്ട് വാക്സിനുകളൂം മുഖീമിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഇതോടൊപ്പം നേരത്തെ അംഗീകരിച്ച നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസ് കൂടെ സ്വീകരിക്കണമെന്ന് നിർബന്ധമുണ്ട്. ഈ ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നു കൂടെ സ്വീകരിച്ചവർക്ക് രജിസ്റ്റർ സൗകര്യം.

സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ ആസ്ട്രാസെനക്ക, ഫൈസർ, മൊഡേണ, ജോൺസൺ എന്നീ നാലു സൗദി അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ആണ് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കേണ്ടത്. അതെസമയം, ചൈനയുടെ ഈ രണ്ടു വാക്സിനുകളും അംഗീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയമോ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയോ പ്രഖ്യാപിച്ചിട്ടില്ല.

Related News