ഇന്ത്യ-സൗദി വിമാനങ്ങൾ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായി സൗദി പ്രവാസികൾ

  • 14/07/2021

ദമാം: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദ് ചെയ്ത ഇന്ത്യ-സൗദി വിമാനങ്ങൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. അതിനാൽ തിരിച്ച് പോരാനാകാതെ നട്ടം തിരിയുകയാണ് സൗദി പ്രവാസികൾ. അവധിക്ക് നാട്ടിലെത്തിയവർക്കും സന്ദർശക വീസയിലെ പുതിയ വീസയിലോ സൗദിയിലേക്ക് വരുന്നവർക്കും നേരിട്ട് ഇവിടെ ഇറങ്ങാൻ ഇതുവരെയും വഴി തെളിഞ്ഞിട്ടില്ല. കോവിഡ് കണക്കുകളുടെ വർധനവും വ്യാപനവും ശക്തമായതായിനെ തുടർന്ന് അതാത് രാജ്യങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന നിയന്ത്രണങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. 

എന്നാൽ അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനേഷൻ രണ്ടും ഡോസും സ്വീകരിക്കുകയും 72 മണിക്കൂറിനകം എടുത്ത നെഗറ്റിവ് പരിശോധനാഫലം കൈവശം കരുതുകയും ചെയ്താൽ പോലും ഇന്ത്യക്കാരെ നേരിട്ട് ഇറങ്ങാൻ സൗദി അനുവദിക്കുന്നില്ല. ഇത് പ്രവാസികൾക്ക് നേരെ ഇന്ത്യ പുലർത്തുന്ന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായും തികഞ്ഞ നയതന്ത്ര പരാജയവും ആയാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി നിരന്തരം നടത്തുന്ന ചർച്ചകളുടെ വാർത്തകൾ പുറത്ത് വരുന്നുവെങ്കിലും ഇതുവരെയും പ്രവാസിയുടെ യാത്രദുരിതങ്ങൾക്ക് പരിഹാരം ആയിട്ടില്ല.

ഇനി സ്വന്തം റിസ്കിൽ അധിക പണം മുടക്കി ഇന്ത്യയിൽ നിന്ന് പുറത്ത് കടന്നതിന് ശേഷം മറ്റേതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങി സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് മുമ്പിലും കടമ്പകൾ ഏറെയാണ്. വാക്‌സിനേഷൻ സ്വീകരിക്കാതെയാണ് വരുന്നതെങ്കിലും നേരത്തേ ചിലവിട്ട 14 ദിവസത്തിന് പുറമെ സൗദിക്കകത്ത് വേറെ ഒരു ഏഴു ദിവസത്തെ ഹോട്ടൽ ക്വറന്റീനിൽ കൂടി കഴിയണം എന്നതാണ് വ്യവസ്ഥ. ഇത് യാത്രികർക്ക് സ്വയം തിരഞ്ഞെടുക്കാൻ കഴിയില്ല. സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ അവർ മുന്നോട്ട് വെക്കുന്ന നിലവാരത്തിനനുസരിച്ചുള്ള നിരക്ക് നൽകിവേണം ഇങ്ങനെ ക്വാറന്റീനിൽ കഴിയാൻ. സൗദിയിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസവും അടച്ചിരിപ്പ് അവസാനിക്കുന്ന ദിവസവും പിസിആർ ടെസ്റ്റ് നിർബന്ധവുമാണ്. ഈ പരിശോധനയുടെ ഫലം പോസിറ്റീവ് അയാൾ ഹോട്ടൽ വാസം വീണ്ടും 10 ദിവസം കൂടും.

Related News