സ്വദേശികൾക്കും പ്രവാസികൾക്കും ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം നൽകി സൗദി

  • 15/07/2021

റിയാദ്: സ്വദേശികൾക്കും പ്രവാസികൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം നൽകി സൗദി അറേബ്യ. വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യുന്ന സിഹത്തീ ആപ്പിൽ ഇതിനുള്ള അവസരമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സിഹത്തീ ആപ്പിൽ ഈയിടെ വരുത്തിയ അപ്ഡേഷനിലാണ് വാക്സിൻ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നേരത്തേ ആപ്പിൽ ലഭ്യമാകുന്ന ഒരു വാക്സിൻ സ്വീകരിക്കാൻ മാത്രമേ അവസരം ഉണ്ടായിരുന്നുള്ളൂ.

നിലവിൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്ബോൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എല്ലാ വാക്സിനുകളിൽ നിന്ന് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കും. ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും ഏത് വാക്സിനാണ് ലഭ്യമെന്ന് ആപ്പിൽ കാണിച്ചിരിക്കും. വ്യത്യസ്ത നിറത്തിലായിരിക്കും ഓരോ വാക്സിന്റെ പേരും തെളിയുക. ഇതിൽ ഓരോ ആൾക്കും താൽപര്യമുള്ള വാക്സിൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ രജിസ്ട്രേഷൻ വേളയിൽ തെരഞ്ഞെടുക്കാം.

രാജ്യത്ത് വാക്സിൻ ഡോസുകൾക്കുള്ള ക്ഷാമം പരിഹരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വാക്സിൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് രണ്ടാം ഡോസ് വിതരണം ഇടയ്ക്കു വച്ച്‌ നിർത്തിവയ്ക്കാൻ സൗദി അധികൃതർ നിർബന്ധിതരായിരുന്നു. എന്നാൽ ആവശ്യത്തിന് വാക്സിൻ ബാച്ചുകൾ എത്തിയതിനെ തുടർന്ന് ജൂലൈ 11 മുതൽ രാജ്യത്തെ അർഹരായ എല്ലാവർക്കും രണ്ടാം ഡോസ് വിതരണം ആരംഭിച്ചു. രാജ്യത്തെ 587 വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നിന്നായി രണ്ടു കോടിയിലേറെ വാക്സിൻ ഡോസുകളാണ് ഇതിനകം വിതരണം ചെയ്തത്.

അതിനിടെ, രണ്ട് ഡോസുകൾക്കിടയിൽ വാക്സിനുകൾ മാറ്റി സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച്‌ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണിത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ഫൈസർ ബയോൺടെക്, ഓക്സ്ഫോഡ് ആസ്ട്രസെനക്ക് വാക്സിനുകൾ ആദ്യ ഡോസായി എടുത്തവർക്ക് മൊഡേണ ഉൾപ്പെടെയുള്ള വാക്സിനുകൾ രണ്ടാം ഡോസായി സൗദിയിൽ നൽകിവരുന്നുണ്ട്.

Related News