എണ്ണ ഉൽപ്പാദനത്തിൽ യുഎഇ -സൗദി തർക്കത്തിന് താൽക്കാലിക വിരാമം

  • 17/07/2021



റിയാദ്: പ്രധാന എണ്ണ ഉൽപ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മിൽ എണ്ണ ഉൽപ്പാദന പരിധിയുടെ കാര്യത്തിൽ ഏറെ നാളായി നിലനിന്നിരുന്ന തർക്കത്തിന് താൽക്കാലിക പരിഹാരം. എന്നിരുന്നാലും എണ്ണ വില വർദ്ധനവ് തുടരുകയാണ്. തർക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയിൽ എണ്ണവില കുറയുന്നില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം കാരണം 22 അംഗ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ്സിന് എണ്ണ ഉൽപ്പാദനം കൂട്ടുന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതും എണ്ണ വിപണിയിൽ അനിശ്ചിതത്വത്തിനും തുടർന്ന് വില വർദ്ധനവിനും കാരണമാവുകായിരുന്നു.

എണ്ണ വില വർദ്ധന പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി പ്രതിദിനം 20 ലക്ഷം ബാരൽ ഉൽപ്പാദനം വർധിപ്പിക്കാമെന്നായിരുന്നു എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിലെ ധാരണ. ഇതിൽ തങ്ങളുടെ ഉൽപ്പാദന ഓഹരി കൂടുതൽ വർധപ്പിക്കണമെന്ന അബൂദാബിയുടെ ആവശ്യമാണ് തർക്കത്തിന് കാരണമായത്. മറ്റ് അംഗ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അബൂദാബിക്ക് അനുവദിക്കപ്പെട്ട ഉൽപ്പാദന പരിധി വളരെ കുറവാണെന്നും ഇത് ഉയർത്താൻ അനുവദിക്കണമെന്നുമാണ് അബൂദാബിയുടെ ആവശ്യം.

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ നിലവിലെ 3.17 ദശലക്ഷം ബാരലിൽ നിന്ന് 3.65 ദശലക്ഷം ബാരലായി പ്രതിദിന ഉൽപ്പാദനം വർധിപ്പിക്കാനാണ് അബൂദാബിക്ക് അനുമതി നൽകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കൂട്ടായ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എണ്ണ വിലയാണ് ആഗോള വിപണിയിൽ നിലവിവുള്ളത്. കൊറോണയെ തുടർന്നുള്ള നിയന്ത്രണങ്ങൾ പല രാജ്യങ്ങളും പിൻവലിച്ചതോടെ സാദാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും എണ്ണ ഉപഭോഗം വർധിക്കുകയും ചെയ്തു. എന്നാൽ ഇതിനനുസൃതമായി എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾ തയ്യാറാവാതിരുന്നതും എണ്ണ വിപണിയൽ വില വർദ്ധനവിന് ഇടയാക്കി.

അതേസമയം യുഎഇ-സൗദി തർക്കം താൽക്കാലികമായി അവസാനിച്ചതോടെ എണ്ണ വില നിയന്ത്രണ വിധേയമാവുമെന്ന വിലയിരുത്തലാണ് ആഗോള വിപണിയിലുള്ളത്. അതിനിടെ എണ്ണ വില വർദ്ധനവിൽ ഇന്ത്യയിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കണമെന്ന ആവശ്യവുമായി് ഇന്ത്യൻ സർക്കാർ യുഎഇയും, സൗദിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Related News