മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ

  • 20/07/2021


കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു. 

മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ ബാവായുടെ  ആകസ്മികമായ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6.30-ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തിയ സമ്മേളനത്തിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരിയും അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയുടെ അഡ്മിനിസ്ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. 

കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ്,  വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യുജന്റ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് അനുശോചന സന്ദേശം നല്കി. 

കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തിലൂടെ മലങ്കര സഭയ്ക്ക് ഒരു പരിശുദ്ധനെ മാത്രമല്ല ഭാരതത്തെ സംബന്ധിച്ചിടത്തോളം ദീർഘവീഷണമുള്ള ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും, മാനവികതയ്ക്കും മനുഷ്യത്വത്തിനും വലിയ മൂല്യം കല്പ്പിച്ചിരുന്ന പരിശുദ്ധ പിതാവിന്റെ വേർപാട് മനുഷ്യസമൂഹത്തിനാകമാനം നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അദ്ദേഹം ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ളീഹായുടെ പാരമ്പര്യവും അർപ്പണബോധവുമുള്ള പിൻഗാമിയായിരുന്നുവെന്നും ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ഇന്ത്യൻ പ്രസിഡണ്ടിന്റേയും പ്രധാനമന്ത്രിയുടേയും അനുശോചന സന്ദേശങ്ങൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി  ഫാ. ജോൺ ജേക്കബ് സ്വാഗതവും സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനത്തിൽ കുവൈറ്റ് ഇടവകകളുടെ ചുമതല വഹിക്കുന്ന കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അർമേനിയൻ ഓർത്തഡോക്സ് ചർച്ചിന്റെ പാട്രിയാർക്കൽ വികാരി വെരി റവ. ബെദ്രോസ് മാന്യുലിയൻ, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ചിന്റെ വികാരി അബോ ബെർണബാസ്, ആംഗ്ലിക്കൻ ചർച്ചിന്റെ ചാപ്ലിൻ റവ. മൈക്കിൾ മെബോണ, എൻ.ഈ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ, മാർത്തോമാ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ജിജി മാത്യൂ, സി.എസ്.ഐ. ഇടവകകളെ പ്രതിനിധീകരിച്ച് റവ. തോമസ് പ്രസാദ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കൽ, ഓർത്തഡോക്സ് ഇടവകകളെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ  ജോൺ പി. ജോസഫ്, വിനോദ് ഇ. വർഗ്ഗീസ്, അലക്സ് മാത്യൂ, ബിനു തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വർഗ്ഗീസ്, ഭദ്രാസന കൗൺസിലംഗം എബ്രഹാം സി. അലക്സ് എന്നിവർ സന്നിഹിതരായിരുന്നു. മഹാ ഇടവക സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ് മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു

കോവിഡ്-19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, അഹമ്മദി സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസിൽ, സെന്റ് സ്റ്റീഫൻസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രമീകരിച്ച സമ്മേളനത്തിൽ അർമേനിയൻ ഓർത്തഡോക്സ് ചർച്ചിന്റെയും, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ചിന്റെയും പ്രതിനിധികളുൾപ്പെടെ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Related News