സമ്പൂർണ ഡിജിറ്റൽവത്ക്കരണത്തിലേയ്ക്ക്‌ യുഎഇ: ഈ മേഖലയിൽ ജോലി സാധ്യത കൂടുമെന്ന് വിലയിരുത്തൽ

  • 24/07/2021

ദുബായ്: യുഎഇ സമ്പൂർണ ഡിജിറ്റൽവത്ക്കരണത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജോലി സാധ്യത കൂട്ടുമെന്ന് വിദഗ്ധർ പറയുന്നു. കോഡിങ് ചെയ്യുന്നവർ ഉൾപ്പെടെ ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരെ കൂടുതലായി കൊണ്ടുവരാനും കണ്ടെത്താനുമുള്ള പദ്ധതികൾക്ക് സർക്കാരും നടപടി തുടങ്ങി. 

നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ് എന്ന പദ്ധതി തന്നെ ഇതിന് ഉദാഹരണമാണെന്ന് വിലയിരുത്ത പ്പെടുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഈ രംഗത്ത്  പ്രതിഭകളുടെ എണ്ണം വർധിപ്പിക്കാനും വിദഗ്ധരെ കൂടുതലായി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണിത്. അഞ്ചു വർഷത്തിനുള്ളിൽ 1000 ഡിജിറ്റൽ കമ്പനികൾ തുറക്കാനും ഒരു ലക്ഷത്തോളം കോഡർമാരെ കണ്ടെത്തി പരിശീലനം നൽകാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ഐബിഎം, എച്ച്പിഇ, ലിങ്ക്ഡിൻ, ഫെയ്സ്ബുക്ക് തുടങ്ങിയ വമ്പൻമാരെല്ലാം ഇതിൽ സഹകരിക്കുന്നുണ്ട്. 

യുഎഇയുടെ തൊഴിൽ‌, സമ്പദ് രംഗങ്ങൾ ഒരു പോലെ മാറ്റാൻ കഴിയുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. എക്സ്പോ പോലുള്ള മഹാമേളയ്ക്കു ശേഷം ഡിജിറ്റൽ രംഗത്തെ കുതിപ്പിന് ആക്കം കൂടുമെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ തൊഴിൽ രംഗവും ഇതിനനുസരിച്ച് മാറിയേക്കും. നിർമാണ മേഖലയ്ക്കും മാറ്റമുണ്ടാകും. നിർമിതബുദ്ധി, റോബട്ടിക്സ്, കാർഷിക മേഖലയിലെ യന്ത്രവൽക്കരണം തുടങ്ങിയവയ്ക്കെല്ലാം അതിവേഗ വളർച്ചയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

യുഎഇയിലെ 45% പരമ്പരാഗത തൊഴിൽ മേഖലയും അടുത്ത മൂന്നു വർഷത്തിനകം മാറും. ആ സ്ഥാനത്ത് സാങ്കേതിക വൈദഗ്ധ്യമുള്ളവരെ കൂടുതലായി വേണ്ടി വരും. 

പരമ്പരാഗത തൊഴിലാളികൾക്കു പകരം ഡിജിറ്റൽ രംഗത്ത് വൈദഗ്ധ്യമുള്ളവരുണ്ടെങ്കിലേ വരും കാലങ്ങളിൽ നാട്ടിലേക്ക് കൂടുതലായി പ്രവാസിപ്പണം ഒഴുകൂ. ഇതിനനുസരിച്ച് നാട്ടിലെ വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

Related News