ആയിരം ദിർഹത്തിന് ബിസിനസ് തുടങ്ങാൻ പുതിയ പദ്ധതിയുമായി അബുദാബി

  • 27/07/2021


അബുദാബി: ആയിരം ദിർഹത്തിന് അബുദാബിയിൽ ബിസിനസ് തുടങ്ങാൻ പുതിയ പദ്ധതി. ലൈസൻസ് പുതുക്കാനും ഇതേ തുക മതിയാകും. സ്വകാര്യമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഫീസിൽ 90 ശതമാനത്തിലേറെ ഇളവ് നൽകാൻ തീരുമാനിച്ചത്. നാളെ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.

ബിസിനസ് ലൈസൻസിനൊപ്പം സാമ്പത്തിക വികസന വിഭാഗം, നഗരസഭ, ചേംബർ ഓഫ് കൊമേഴ്സ്, സർട്ടിഫിക്കറ്റ് ഓഫ് കൺഫർമിറ്റി ഫീസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട സർക്കാർ ഫീസുകളെല്ലാം ചേർത്താണ് 1000 ദിർഹം. ചില വകുപ്പുകൾ ഫീസ് പൂർണമായും ഒഴിവാക്കിയപ്പോൾ മറ്റു ചില വകുപ്പുകൾ വൻ ഇളവ് നൽകുകയായിരുന്നു.

ബിസിനസ് സൗഹൃദ എമിറേറ്റാക്കി അബുദാബിയുടെ മത്സരക്ഷമത മേഖല രാജ്യാന്തര തലത്തിലേക്കു മാറ്റുകയാണ് ലക്ഷ്യം. നിക്ഷേപകർക്ക് ബിസിനസ് തുടങ്ങാൻ ലളിതവും സുതാര്യവുമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയർമാൻ മുഹമ്മദ് അലി അൽ ഷറഫ് പറഞ്ഞു.

പുതുമകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള ബിസിനസുകാർക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിലുടെ സാമ്പത്തിക മേഖലയുടെ വളർച്ചയും ലക്ഷ്യമിടുന്നു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി.

Related News