മറ്റുരാജ്യങ്ങൾവഴി യു.എ.ഇ.യിൽ എത്തുന്നവർ ട്രാവൽ ഇൻഷുറൻസ് കരുതണമെന്ന് ട്രാവൽ ഏജൻസികൾ

  • 27/07/2021

ദുബായ്: ഇന്ത്യയിൽനിന്ന് മറ്റുരാജ്യങ്ങൾവഴി യു.എ.ഇ.യിൽ എത്തുന്നവർ കാലാവധിയുള്ള ട്രാവൽ ഇൻഷുറൻസ് കരുതണമെന്ന് ട്രാവൽ ഏജൻസികൾ നിർദേശിച്ചു. നേരത്തെതന്നെ ഗൾഫിലെ കോൺസുലേറ്റുകൾ ഈ നിർദേശം നൽകിയിരുന്നു. 

ഇന്ത്യയിൽനിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാൽ ഖത്തർ, അർമേനിയ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾവഴി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി ഒട്ടേറെ പേരാണ് യു.എ.ഇ.യിലെത്തുന്നത്. ക്വാറന്റീൻ കാലയളവിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സാച്ചെലവ് ഭീമമാണെന്നിരിക്കെ ഇൻഷുറൻസിലൂടെ അത് പരിഹരിക്കാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.

ഇന്ത്യയിൽനിന്ന് ഖത്തർവഴി യു.എ.ഇ.യിൽ എത്തുന്നതാണ് നിലവിൽ എളുപ്പമാർഗം. അർമേനിയ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർ കൂടുതലുള്ള സ്ഥലമാണ് ഖത്തർ. അതുകൊണ്ടുതന്നെ നാട്ടിൽ കുടുങ്ങിയ മലയാളികളിൽ ഏറെപ്പേരും ഖത്തർവഴിയുള്ള യാത്രയാണ് തിരഞ്ഞെടുക്കുന്നത്. 

ക്വാറന്റീൻ കാലയളവിൽ ഇന്ത്യൻഭക്ഷണം ലഭിക്കുമെന്നതും ഖത്തർവഴിയുള്ള യാത്ര സുഖകരമാക്കുന്നു. ഖത്തർ അംഗീകരിച്ച രണ്ടുഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് തത്സമയവിസയിൽ (വിസ ഓൺ അറൈവൽ) ഖത്തറിലെത്താം. തത്സമയവിസ കിട്ടാൻ ഹോട്ടൽബുക്കിങ് നിർബന്ധമാണ്. ട്രാവൽ ഏജൻസികൾത്തന്നെ ഇതിന് സൗകര്യമൊരുക്കുന്നുണ്ട്. 14 ദിവസമാണ് ക്വാറന്റീൻ. ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർചെയ്തിരിക്കണം. 

കൂടാതെ 5000 ഖത്തർ റിയാൽ (ഏകദേശം ഒരുലക്ഷംരൂപ) കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്നാണ് നിബന്ധന. ടൂറിസ്റ്റ് ആയി പരിഗണിക്കുന്നതുകൊണ്ട് പുറത്തിറങ്ങാനും അനുവാദമുണ്ട്. ക്വാറന്റീൻ, മറ്റ് ചെലവുകൾക്കുമായി ഏകദേശം ഒന്നേകാൽ ലക്ഷംരൂപ മതിയാകും. 

ഒട്ടേറെ ട്രാവൽ ഏജൻസികൾ ഖത്തർവഴിയുള്ള പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനമില്ല. നേരത്തെ തത്സമയവിസയിൽ ഖത്തറിൽ പ്രവേശിക്കാൻ മടക്കടിക്കറ്റ് കാണിക്കണമായിരുന്നു. ഇപ്പോൾ യു.എ.ഇ. വിസയും ടിക്കറ്റും കാണിച്ചാൽ മതിയാകും.

Related News