യുഎഇയില്‍ പെരുന്നാള്‍ അവധിക്ക് ശേഷമുള്ള ദിവസങ്ങളിലും കൊവിഡ് കേസുകള്‍ കുറയുന്നു

  • 28/07/2021

അബുദാബി: യുഎഇയില്‍ പെരുന്നാള്‍ അവധിക്ക് ശേഷമുള്ള ദിവസങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി വക്താവ് ഡോ. താഹിര്‍ അല്‍ അമീരി പറഞ്ഞു.

മുന്‍കാലങ്ങളിലെ അനുഭവം അനുസരിച്ച് നീണ്ട അവധി ദിനങ്ങള്‍ക്ക് ശേഷം യുഎഇയില്‍ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷവും അതിന് മുമ്പ് പുതുവര്‍ഷപ്പിറവി ആഘോഷ സമയത്തും കഴിഞ്ഞ വര്‍ഷത്തെ ബലി പെരുന്നാളിന് ശേഷവും രോഗബാധിതരുടെ എണ്ണം കൂടിയിരുന്നു. ചില സമയങ്ങളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്‍തു.

എന്നാല്‍ ഇത്തവണ പെരുന്നാള്‍ അവധി ദിനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 1550ല്‍ താഴെയായിരുന്നു. കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ സ്വദേശികളും പ്രവാസികളും പുലര്‍ത്തുന്ന ജാഗ്രതയാണ് ഇതിന് സഹായകമായതെന്ന് അധികൃതര്‍ അറിയിച്ചു. 

ജനങ്ങളുടെ ഈ പ്രതിബദ്ധത, ഒരു സുരക്ഷിതമായ അവധിക്കാലം സമ്മാനിച്ചുവെന്ന് ഡോ. താഹിര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് പതുക്കെ മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു

Related News