കോവിഡ് പ്രതിസന്ധി, പ്രവാസികളും ദുരിതത്തില്‍-കേരള സര്‍ക്കാര്‍ കണ്ണു തുറക്കണം : കെ.ഐ.സി

  • 31/07/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം തടയാന്‍ വേണ്ടി കേരള സര്‍ക്കാര്‍ അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കിയ അടച്ചിടല്‍ പിന്‍വലിച്ച് പ്രായോഗിക മാര്‍ഗങ്ങള്‍ തേടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

കച്ചവട സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയത് മൂലം നിത്യവൃത്തിക്ക് പോലും വകയില്ലാതെ ജന ജീവിതം ദുഃസ്സഹമായിരിക്കുകയാണ്. മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസി സമൂഹവും നാട്ടില്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ തേടാനാവാതെ ദുരിതം പേറുകയാണ്. പട്ടിണി മൂലം എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത ഗുരുതരമായ സാമൂഹിക സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരില്‍ നിന്നു പോലും പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ല. 

നിലവിലെ എല്ലാ നിയന്ത്രണങ്ങള്‍ക്കൊടുവിലും കോവിഡ് വര്‍ദ്ധിച്ചു വരുന്നതും, മരണനിരക്ക് ഉയരുന്നതും സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. കോവിഡ് വ്യാപന നിയന്ത്രണത്തിനായി നടപ്പിലാക്കിയ തെറ്റായ നയങ്ങള്‍ തിരുത്തി, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.ഐ.സി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Related News