വിദ്യാഭ്യാസത്തോടൊപ്പം മാനവിക മൂല്യങ്ങളും പകര്‍ന്നു നല്‍കണം : ഡോ. സുബൈര്‍ ഹുദവി

  • 08/08/2021

കുവൈത്ത് സിറ്റി : ആത്മീയതയിലധിഷ്ടിതമായ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സംസ്കാരമാണ് നാം പുതു തലമുറക്ക് പകര്‍ന്നു നല്‍കേണ്ടതെന്ന്,  ബീഹാര്‍ കിശൻഗഞ്ച് ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പറഞ്ഞു. വിദ്യാഭ്യാസം-മാറുന്ന രീതികളും നേരിടുന്ന വെല്ലുവിളികളും, എന്ന വിഷയത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യകളിലും സാമൂഹിക സാഹചര്യങ്ങളിലും വരുന്ന കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും, വെല്ലുവിളികളെ ദീര്‍ഘ വീക്ഷണത്തോടെ നേരിടാനും  നാം തയ്യാറാകണം. കേവലം സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ മാത്രം  ഒരുത്തമ സമൂഹത്തെ വാര്‍ത്തെടുക്കാനാവില്ല. മക്കളെ അടുത്തറിഞ്ഞും, അസ്വസ്ഥകളെ തിരിച്ചറിഞ്ഞും അവരുടെ വളര്‍ച്ചയുടെ സ്വാഭാവികതയെ അനുവദിച്ചു കൊടുക്കണം. മാറുന്ന ലോകത്ത് വിദ്യാഭ്യാസത്തിന്റെ വൈവിധ്യങ്ങളെയും, സാധ്യതകളെയും തിരിച്ചറിയുകയും, നമ്മുടെ മക്കളുടെ അഭിരുചികളെ മാനിക്കുകയും വേണം. കുടുംബത്തിനും സമൂഹത്തിനും നന്മകള്‍ ചെയ്യുന്ന നല്ല മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കാന്‍ നാം പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.  ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി അബ്ദു കുന്നുംപുറം നന്ദിയും പറഞ്ഞു.

Related News