മാനുഷിക മൂല്യങ്ങളും മതസൗഹാർദവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ - രാങ്ങാട്ടൂർ:

  • 08/08/2021

കുവൈത്ത് സിറ്റി: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്‍റെ മണ്ണിൽ ശാന്തിയും സമാധാനവും സർവ്വോപരി പരസ്പര സൗഹാർദവും നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്ലീം ലീഗ് നേതാവും പ്രമുഖ പ്രാസംഗികനുമായ സിദ്ധീഖ് അലി രാങ്ങാട്ടൂർ പറഞ്ഞു. കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, ചെർക്കളം  അബ്ദുള്ള, ഭാഷാ സമരം അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ എം സി സി സംസ്ഥാന ആക്ടിങ്ങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഭാഷാ സമര പോരാളികളെ അനുസ്മരിച്ചു. ഭാവനാ ശൂന്യമായ  നിയമനിർമ്മാണം വഴി സർക്കാറിന് നേരിടേണ്ടി വന്നത് ഒരു സമുദായത്തിന്റെ തന്നെ എതിർപ്പായിരുന്നുവെന്നും, ആകാശം ഇടിഞ്ഞു വീണാലും പിറകോട്ടില്ലെന്ന ദുർവാശി ജീവസുറ്റ ഭാഷയെ ദിനേന ഉപയോഗിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ വിലപ്പോവില്ലെന്ന് ഭാഷാ സമരം നമ്മെ ബോധ്യപ്പെടുത്തുന്നു വെന്ന്  കെ എം എ റഷീദ് പറഞ്ഞു. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ എം ആർ നാസർ, ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ്മാരായ ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത് എന്നിവർ പങ്കെടുത്തു.കെ  എം സി സി സംസ്ഥാന ആക്ടിങ്ങ് ജനറൽ സെക്രട്ടറി ടി ടി ഷംസു സ്വാഗതവും  സെക്രട്ടറി റസാഖ് അയ്യൂർ നന്ദിയും പറഞ്ഞു.

Related News