സ്വാതന്ത്ര്യം, പോരാട്ടം അവസാനിക്കുന്നില്ല' കെ.ഐ.സി ഫ്രീഡം വെബിനാര്‍ സംഘടിപ്പിച്ചു.

  • 14/08/2021

കുവൈത്ത് സിറ്റി : SKSSF സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഫ്രീഡം സ്ക്വയര്‍ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഫ്രീഡം വെബിനാര്‍ സംഘടിപ്പിച്ചു. സ്വാതന്ത്ര്യം, പോരാട്ടം അവസാനിക്കുന്നില്ല'  എന്ന പ്രമേയത്തില്‍  SKSSF മനീഷ സംസ്ഥാന സമിതി അംഗം TB റഫീഖ് വാഫി പാലപ്പിള്ളി  മുഖ്യ പ്രഭാഷണം നടത്തി.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന വോട്ടവകാശത്തിലൂടെ മാത്രം ജനാധിപത്യം പൂര്‍ണ്ണമാവില്ല. ഭരണഘടനാപരമായ സ്വാതന്ത്ര്യം അനുഭവിക്കാനും, വിയോജിപ്പുകള്‍ രേഖപ്പെടുത്താനും, ആശയ സംവാദങ്ങള്‍ക്കുമൊക്കെയുളള സാമൂഹിക സാഹചര്യം നിലനില്‍ക്കണം. സാംസ്കാരിക വൈവിദ്ധ്യങ്ങള്‍ക്കിടയിലും ഇന്ത്യയെന്നത് ഒരൊറ്റ വികാരമാണ്. ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും, സുരക്ഷിത ബോധത്തെയും, വിശ്വാസപരമായ അവകാശങ്ങളെയും ധ്വംസനം ചെയ്യുന്ന ഒരു ഭരണകൂടം നില നില്‍ക്കുന്ന കാലത്തോളം നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുളള പോരാട്ടം അവസാനിക്കുന്നില്ല.

ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം രാജദ്രോഹികളായി ചാപ്പ കുത്തി ജയിലിലടക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. ഗാന്ധിജിയും, നെഹ്റുവുമെല്ലാം സ്വപ്നം കണ്ട ഇന്ത്യയെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ നാം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷവും, ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികവും ആഘോഷിക്കുന്ന ഈ വേളയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹൃദ ബന്ധം എന്നും നിലനില്‍ക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.  ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

Related News