സൗദിയില്‍ സ്‌കൂളുകള്‍ ഈ മാസം 29 മുതല്‍ തുറക്കും

  • 20/08/2021

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 29 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും വിധം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിന് ആവശ്യമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ പ്രവേശനമുണ്ടാകില്ല. 

സ്‌കൂളുകള്‍ തുറക്കുന്ന ഈ മാസം 29 മുതല്‍ പുതിയ ഉത്തരവുകള്‍ പ്രാബല്യത്തിലാകും. യാത്രാ വിലക്കുള്ള ഇന്ത്യയക്കമുള്ള വിദേശരാജ്യങ്ങളുടെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശൈഖാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇത് ജീവനക്കാര്‍ക്കും ബാധകമാണ്. ക്ലാസുകള്‍ ആരംഭിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ആ ക്ലാസിലെ മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനിലേക്ക് മാറ്റും.

ഒന്നിലധികം ക്ലാസുകളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്‌സിറ്റികളിലും സമാന പ്രോട്ടോകോള്‍ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിമാനങ്ങളുടെ സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. 

നേരത്തെ ചില അധ്യാപകര്‍ നേരിട്ട് സൗദിയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ചിലവഴിച്ചാണ് നിലവില്‍ ഇന്ത്യന്‍ അധ്യാപകര്‍ സൗദിയിലേക്ക് എത്തുന്നത്.

Related News