സൗദിയിൽ സിനോവാക്, സിനോഫാം വാക്സീനുകൾക്ക് കൂടി അംഗീകാരം

  • 25/08/2021

റിയാദ്: 4 കോവിഡ് വാക്സീനുകൾക്ക് പുറമെ  സിനോവാക്, സിനോഫാം വാക്സീനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം. ഇതോടെ സൗദിയിൽ 6 വാക്സീനുകൾക്ക് ഔദ്യോഗിക അംഗീകാരമായി. ഓക്സ്ഫഡ് അസ്ട്രാസെനെക്ക, ഫൈസർ ബയോഎൻടെക്, ജോൺസൺ & ജോൺസൺ, മോഡേണ എന്നിവയാണ് മറ്റു വാക്സീനുകൾ. 

വൈറസ് പ്രതിരോധത്തിൽ ഇവ രണ്ടും സുരക്ഷിതത്വവും ഫലപ്രാപ്തിയും നൽകുന്നുവെന്ന രാജ്യാന്തര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. രണ്ട് വ്യത്യസ്‌ത വാക്സീനുകൾ സ്വീകരിക്കുന്നതിന്  നേരത്തെ അധികൃതർ അംഗീകാരം നൽകിയിരുന്നു. 

എന്നാൽ രണ്ടു ഡോസുകൾക്കിടയിൽ മൂന്നാഴ്ച ഇടവേളയുണ്ടാകണമെന്നതാണ് നിബന്ധന. കോവിഡ് ബാധയിൽ നിന്ന് മുക്തരായവർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചാലും 'ഇമ്യുൺ' സ്റ്റാറ്റസ് ലഭിക്കും. അണുബാധയിൽ നിന്ന് മുക്തി നേടി 10 ദിവസത്തിന് ശേഷമാണ് ഇതു സ്വീകരിക്കേണ്ടത്. ഇവർക്കും രണ്ടാമത്തെ വാക്സീൻ സ്വീകരിക്കാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. 

രണ്ട് ഡോസുകൾക്കിടയിലെ ഇടവേള മൂന്നാഴ്ച തന്നെയായിരിക്കണം. ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷമാണ് രോഗ ബാധയുണ്ടായതെങ്കിൽ, രണ്ടാമത്തെ ഡോസ് അണുബാധ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം സ്വീകരിക്കാം.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രാജ്യത്ത് ജനസംഖ്യയുടെ ഏകദേശം 62.05 ശതമാനം ആദ്യ  ഡോസും  37.70 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ 9  നകം ജനസംഖ്യയുടെ 70 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സീനും പൂർത്തിയാക്കാനുള്ള യജ്ഞത്തിലാണിപ്പോൾ സൗദി. 

ഇതിനായി 600 ലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 'സിഹ്ഹത്തി' ആപ്ലികേഷൻ മുഖേനയാണ് വാക്സിനേഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ എടുക്കേണ്ടത്. കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് രാജ്യത്ത് വാക്സീനേഷൻ യജ്ഞം ആരംഭിച്ചത്. 2021 ഫെബ്രുവരിയോടെ കൂടുതൽ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. ജൂലൈ 11 മുതലാണ്  എല്ലാ പ്രായക്കാർക്കും രണ്ടാം വാക്സിനേഷൻ നൽകിത്തുടങ്ങിയത്. 

പ്രവാസികളുടെയും പൗരന്മാരുടെയും ആരോഗ്യത്തിനും  സുരക്ഷയ്ക്കും മുഖ്യ പരിഗണന നൽകി രണ്ടാം  ഡോസ് വാക്സീനേഷൻ  പൂർത്തിയാക്കി സാമൂഹിക പ്രതിരോധം സാധ്യമാകാനുള്ള ശ്രമത്തിലാണ് രാജ്യം. ഇത് കൂടുതൽ ഊര്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി,  സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വൈറസ്  വ്യാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും ഗാർഹിക ആരോഗ്യ പരിരക്ഷാ പദ്ധതിയിലൂടെ രോഗികൾക്ക് അവരുടെ വീടുകളിൽ വാക്സിനേഷൻ സേവനവും നൽകുന്നുണ്ട്.  

ഓഗസ്റ്റ് 1 മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സീനേഷൻ സ്വീകരിക്കൽ നിർബന്ധമാണ്. അടുത്ത ആഴ്ച സ്‌കൂളുകളിൽ ഇരുന്ന് പഠനം ആരംഭിക്കാനിരിക്കെ ഹാജരാകേണ്ട  99 ശതമാനം സ്‌കൂൾ വിദ്യാർഥികളും വാക്സീൻ സ്വീകരിച്ചതായി മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related News