സൗദിയിൽ കൊവിഡിനെ പ്രതിരോധിക്കാന്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിൻ

  • 29/08/2021



റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു. കുത്തിവെപ്പ് സെപ്തംബറില്‍ ആരംഭിക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കുമാണ് കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നത്. 

അടുത്ത മാസം തുടക്കത്തില്‍ തന്നെ വിതരണം ആരംഭിക്കുവാനാണ് നീക്കം. കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് കുത്തിവെപ്പെടുത്താല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ രോഗം ഭേദമായവരുള്‍പ്പെടെ എല്ലാവരും രണ്ട് ഡോസും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. കൊവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. 

ഡെല്‍റ്റ പോലുള്ള കോവിഡിന്റെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാന്‍ രണ്ട് ഡോസും സ്വീകരിക്കല്‍ അനിവാര്യമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. കുത്തിവെപ്പെടുക്കാന്‍ പോകുന്നവര്‍ക്ക് വാക്സിന്‍ സെന്ററുകളിലേക്കും തിരിച്ചും സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

Related News