സൗദിയിലെ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാര്‍ക്കും പരിക്ക്

  • 31/08/2021


റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാര്‍ക്കും പരിക്ക്. ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇന്ത്യക്കാര്‍  ബീഹാർ സ്വദേശികളാണെന്നാണ് വിവരം. 

ഇന്ത്യക്കാര്‍ക്ക് പുറമെ  മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനും ഒരു സൗദി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരമാണ്. അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 

ചൊവ്വാഴ്‍ച രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ്‌ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലിക്കാരായ എട്ടു പേർക്ക് പരിക്കേറ്റത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 

ഇന്ന് പുലർച്ചെ അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു.

Related News