ന്യൂനപക്ഷ വിരുദ്ധ ചോദ്യം: ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണം- കെ.ഐ.സി

  • 06/09/2021

കുവൈത്ത് സിറ്റി : ഹയര്‍ സെക്കന്ററി തുല്യത പരീക്ഷയിലെ ന്യൂനപക്ഷ വിരുദ്ധ ചോദ്യത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യത കോഴ്സിന് വേണ്ടി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ? വിശദീകരിക്കുക’ എന്ന ചോദ്യം , മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള ആർ.എസ്.എസിന്റെ വര്‍ഗ്ഗീയ പ്രചരണം, വളര്‍ന്നു വരുന്ന തലമുറകളിലേക്ക് പകർന്നു നൽകാനുള്ള അജണ്ടകളുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത് നാടിന്റെ ഐക്യത്തിനും സമാധാനാത്തിനും ഭീഷണിയാണ്.

പൊതുസമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ പ്രേരകമാകുന്ന ഈ ചോദ്യം ഉള്‍പ്പെടുത്താന്‍ കാരണക്കാരായവരെ നിയമാനുസൃതമായി ശിക്ഷിക്കണമെന്നും, ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരാക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related News