കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2021 സംഘടിപ്പിച്ചു

  • 06/09/2021

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2021 സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച 5 മണിമുതൽ ഫേസ്ബുക്ക് ലൈവിലൂടെ ആഘോഷിച്ചു. അസോസിയേഷന്റെ വാർഷിക സ്പോൺസറായ അൽ മുല്ല എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ ശ്രീ. ജോൺ സൈമൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഹനീഫ് .സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈജിത്ത് .കെ അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ റിഷി ജേക്കബ്, പ്രമോദ് ആർ.ബി, മഹിളാവേദി പ്രസിഡണ്ട് സ്മിത രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനീഷ് സ്വാഗതവും അസോസിയേഷൻ ട്രഷറർ ജാവേദ് ബിൻ ഹമീദ് നന്ദിയും പ്രകാശിപ്പിച്ചു.

അസോസിയേഷൻ അംഗങ്ങളുടെയും മഹിളാവേദി പ്രവർത്തകരുടെയും ബാലവേദി കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളായ സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഗ്രൂപ്പ് സോങ്, കവിതാപാരായണം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, സംഘനൃത്തങ്ങൾ എന്നിവ കാണികളുടെ മനം കവർന്നു. നാട്ടിൽ നിന്നും  പ്രശസ്തരായ ഗായകരായ താജുദ്ദീൻ വടകര, സീന രമേശ്, വിപിൻനാഥ് പയ്യോളി, സലീഷ്, നമിതാ ശിവകുമാർ എന്നിവർ ഒരുക്കിയ ഗാനസന്ധ്യയും ആഘോഷത്തിന് മാറ്റു കൂട്ടി.

ആഘോഷ പരിപാടിയുടെ ഭാഗമായി അസോസിയേഷൻ ഫേസ്ബുക്ക് പേജിലൂടെ ഓണം ഫോട്ടോഗ്രാഫി മത്സരവും, ഓണം/ഈദ് ടിക്ടോക് മത്സരവും സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തിൻറെ വിജയികളെ ആഘോഷവേളയിൽ പ്രഖ്യാപിച്ചു. ബെൻജോ രാജ്, ബ്രിജിത്ത് സർഗാർ എന്നിവർ  ഫോട്ടോഗ്രാഫി മത്സരത്തിലും അലൈന ഷൈജിത്ത്, നന്ദിക ജയേഷ് എന്നിവർ ടിക്ടോക് മത്സരത്തിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കുവൈത്ത് പ്രവാസികളും, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകരും ഈ ഓൺലൈൻ ആഘോഷത്തെ വമ്പിച്ച വിജയമാക്കി തീർത്തു. പ്രശാന്ത് കൊയിലാണ്ടി രൂപകൽപ്പന ചെയ്ത ഓൺലൈൻ ഇവൻറിൽ അനീച ഷൈജിത്ത് അവതരണം നടത്തി. ഈ പരിപാടിയിൽ സഹകരിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും പങ്കെടുത്ത എല്ലാ അഭ്യുദയകാംക്ഷികൾക്കും അസോസിയേഷൻ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

Related News