സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവരുടെ ഇക്കാമ നവംബര്‍ 30 വരെ സൗജന്യമായി പുതുക്കി നല്‍കുന്നു

  • 11/09/2021


റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര നിരോധനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റുകള്‍), എക്സിറ്റ്, റീ-എന്‍ട്രി വിസയുടെയും കാലാവധി നവംബര്‍ 30 വരെ സൗജന്യമായി നീട്ടിനല്‍കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

സന്ദര്‍ശന വിസയുടെ കാലാവധിയും നവംബര്‍ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സൗജന്യമായാണ് വിസ നീട്ടിനല്‍കുന്നത്. നേരത്തെ രേഖകളുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. ഇതാണിപ്പോള്‍ രണ്ട് മാസങ്ങള്‍ കൂടി അധികമായി വീണ്ടും നീട്ടിനല്‍കുന്നത്. പ്രവേശനനിരോധനമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ രേഖകളാണ് പുതുക്കുക.

കൊറോണ നിയന്ത്രണം മൂലമുണ്ടായ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. നിലവില്‍, ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, ബ്രസീല്‍, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങള്‍.

സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ള യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് വരുന്നതിനു കഴിഞ്ഞ മാസം സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

അതേസമയം 60 കഴിഞ്ഞവരുടെ ഇഖാമ നിലവില്‍ പുതുക്കില്ലെന്ന് കുവൈത്ത്. 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ആയിട്ടില്ലെന്നാണ് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

Related News