ഗൂഗിള്‍ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തില്‍ ഡാറ്റ സെന്‍റര്‍ ആരംഭിക്കുന്നു.

  • 16/09/2021

കുവൈത്ത് സിറ്റി : മിഡില്‍ ഈസ്റ്റിലെ  ഗൂഗിള്‍ ക്ലൗഡ് സേവനങ്ങൾക്കായി ഡാറ്റ സെന്‍റര്‍ കുവൈത്തില്‍ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധമായി ഗൂഗിള്‍ പ്രതിനിധികളും കുവൈത്ത് ഇന്‍ഫോര്‍മേഷന്‍  ഉദ്യോഗസ്ഥരുമായി   ചര്‍ച്ചകള്‍  നടത്തിയതായും ഒദ്യോഗികമായ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ മാനേജുമെന്റ് ടൂളുകൾക്കൊപ്പം, കമ്പ്യൂട്ടിംഗ്, ഡാറ്റ സംഭരണം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ നിരവധി മോഡുലാർ ക്ലൗഡ് സേവനങ്ങളാണ് ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ ഗൂഗിൾ ക്ലൗഡ് ബ്രാൻഡിന് കീഴിലുള്ള 90 ലധികം ഉൽപ്പന്നങ്ങൾ ഉണ്ട്. 

കുവൈത്തില്‍  ഗൂഗിൾ ഡാറ്റാ സെന്‍റര്‍ നിര്‍മ്മിക്കുന്നത് മേഖലയിലെ പ്രമുഖ കമ്പ്യൂട്ടര്‍ ഹബ്ബായി രാജ്യത്തെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ വിവര മേഖലയുടെ വികസനത്തിനും ഡിജിറ്റൽ പരിവർത്തന പദ്ധതിക്കും വേഗത കൂട്ടുവാന്‍ പുതിയ നീക്കം സഹായകരമാകും. പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ നിരവധി തൊഴില്‍ അവസരങ്ങളാണ് കുവൈത്തില്‍ സൃഷ്ടിക്കപ്പെടുക.   നേരത്തെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലൗഡ് സേവനങ്ങൾക്കായി ആശ്രയിച്ചിരുന്നത് അയര്‍ലന്‍ഡ് ഡാറ്റാസെന്‍ററായിരുന്നു. ലോകത്തില്‍ ഇതുവരെയുള്ളത്തില്‍ ഏറ്റവും ഊര്‍ജ്ജക്ഷമമായിരിക്കും പുതിയ ഡാറ്റാ സെന്‍ററെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Related News