വിദ്യാർഥികളെ സ്വീകരിക്കാൻ കുവൈത്തിലെ സ്കൂളുകൾ ഒരുങ്ങി

  • 16/09/2021

കുവൈത്ത് സിറ്റി : നീണ്ട അടച്ചുപൂട്ടലിനൊടുവിൽ വിദ്യാർഥികളെ സ്വീകരിക്കാൻ രാജ്യത്തെ വിദ്യാലയങ്ങൾ ഒരുങ്ങി. മാസങ്ങളോളം അടച്ചിട്ടതിനാൽ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർഥികളെ സ്വീകരിക്കുന്നത്. സ്കൂളും പരിസരവും ശൗചാലയം, ക്ലാസ് മുറികൾ എന്നിവ അണുനശീകരണം നടത്തി.നേരത്തെ സ്വദേശി സ്കൂളുകളിലും സ്വകാര്യ അറബിക് സ്കൂളുകളിലും ഒക്ടോബർ 3 നാകും റഗുലർ ക്ലാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അലി അൽ മുദ്‌ഹഫ് അറിയിച്ചിരുന്നു.അതിനിടെ വിദേശ സ്കൂളുകള്‍ക്ക് സെപ്റ്റംബർ 26 മുതല്‍ റഗുലർ ക്ലാസുകൾ ആരംഭിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.   

ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. ഒരു കുട്ടിയുടെ തലയിൽ നിന്ന് അടുത്ത കുട്ടിയുടെ തലയിലേക്ക് 2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാവിധ മെഡിക്കല്‍ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന ദൗത്യം അവസാന ഘട്ടത്തിലാണ്. സ്‌കൂള്‍ വര്‍ഷാരംഭത്തിന് മുമ്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോട് അടുത്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുവൈത്തില്‍ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് നല്‍കുന്നത്. 

Related News