അഞ്ച് മാസത്തിനുള്ളില്‍ 10,780 സ്വദേശികള്‍ക്ക് നിയമനം നല്‍കി കുവൈത്ത് സര്‍ക്കാര്‍

  • 22/09/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ രാജ്യത്തെ വിവിധ വകുപ്പുകളിലായി 10,780 സ്വദേശികള്‍ക്ക് നിയമനം നല്‍കിയതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഈ കാലയളവില്‍ 2089 പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരിമിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വിദേശികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. മാർച്ചില്‍  71,600 പ്രവാസി  ജീവനക്കാര്‍ ഉണ്ടായിരുന്നത് ആഗസ്റ്റ് ആകുമ്പോയേക്ക് 69,511 ആയി കുറഞ്ഞു. അതേ സമയം കുവൈറ്റ് ജീവനക്കാരുടെ എണ്ണം 308,409 ൽ നിന്ന് 319,189 ആയി ഉയർന്നതായും അധികൃതര്‍ പറഞ്ഞു. 

പുതിയ കണക്കുകൾ പ്രകാരം പ്രവാസികള്‍ ഏറ്റവും കുറവുണ്ടായിരിക്കുന്നത് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമാണ്.  നിയമ വകുപ്പിലും ഔഖാഫിലും ചെറിയ തോതില്‍ വിദേശികളുടെ എണ്ണം വര്‍ദ്ധിച്ചതായും സിവിൽ സർവീസ് കമ്മീഷൻ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഞ്ച് മാസത്തിനിടെ 602 വിദേശി ജീവനക്കാരാണ് ആരോഗ്യ വകുപ്പില്‍ നിന്നും ഒഴിവായത്. വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളുടെ എണ്ണം 24,321 ൽ നിന്ന് 23,623 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ പള്ളികളില്‍ വിദേശി  ഇമാമുകളെയും മുഅദ്ദിനേയും നിയമിച്ചതിനാലാണ് ഔഖാഫ് മന്ത്രാലയത്തില്‍ വിദേശികളുടെ എണ്ണം കൂടുവാന്‍ കാരണം . ഈ മേഖലയില്‍ ആവശ്യത്തിന് അനുസരിച്ച്  സ്വദേശികളുടെ  ലഭ്യത കുറവായതിനാലാണ് വിദേശികളെ നിയമിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

Related News