കുവൈത്തിലെ തൊഴിലിടങ്ങളിലെ ലൈംഗികചൂഷണവും വിവേചനവും തടയാന്‍ നിയമം കൊണ്ടുവരുന്നു.

  • 27/09/2021

കുവൈത്ത് സിറ്റി :  ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈഗിംകചൂഷണം വിവേചനവും  തടയാനുദ്ദേശിച്ചുള്ള നിയമത്തിന്  അംഗീകാരം നല്‍കിയതായി വാണിജ്യ-വ്യവസായ പൊതു അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അബ്ദുള്ള അൽ സൽമാൻ അറിയിച്ചു. രാജ്യത്തെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ലിഗം, പ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് കുറ്റകരമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡോ. അബ്ദുള്ള വ്യക്തമാക്കി.   നിലവിലുള്ള തൊഴിലാളി നിയമങ്ങളെല്ലാം തന്നെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്ന ഉദ്യേശത്തോടുകൂടി നിർമിച്ചവയാണെന്നും തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്‍റെ ചുമതലയാണെന്നും ഡോ. അബ്ദുള്ള അൽ സൽമാൻ പറഞ്ഞു.

തൊഴില്‍ ഇടങ്ങളിലെ ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള വ്യവസ്ഥകളാണ്  1960 -ലെ പീനൽ കോഡ് നമ്പർ 16 -ലെ ആർട്ടിക്കിൾ  198,199 സെക്ഷനുകള്‍.  ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായാല്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നേരിട്ട് അന്വേഷണം നടത്തുമെന്നും നിയമ ലംഘനം തെളിഞ്ഞാല്‍ തൊഴിലുടമകളുടെ ഫയലുകൾ റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ മാത്രമല്ല അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങളും പുതിയ നിയമത്തിന്‍റെ  പരിധിയില്‍വരും. 

Related News