രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു.

  • 06/10/2021

കുവൈത്ത് സിറ്റി : രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് ആരോഗ്യസംവിധാനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഒരാളില്‍ നിന്നും എത്രപേരിലേക്ക് കോവിഡ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന റീപ്രൊഡക്ഷന്‍ ഫാക്ടര്‍ (ആര്‍ ഘടകം) ഒന്നില്‍ താഴെയായതും നല്ല സൂചനയാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ  കൊറോണ വൈറസ് പാൻഡെമിക് സാഹചര്യം വിശദീകരിക്കവേ കോവിഡ് പ്രതിദിന നിരക്ക് 0.19 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പിന്റെ ത്വരിതഗതിയിലുള്ള നിരക്കാണ്  ആരോഗ്യ സാഹചര്യം മെച്ചപ്പെടുവാന്‍ കാരണം.അതിനിടെ  കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. 

അതിനിടെ ആ​ഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുറയുന്നത് തുടരുന്നതായി ലോകാരോ​ഗ്യ സംഘടന. സെപ്തംബര്‍ -20  മുതല്‍ 26 വരെ  33 ലക്ഷത്തിലധികം പുതിയ രോ​ഗികളും 55,000  മരണവും ലോകത്താകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിലും മരണത്തിലും 10 ശതമാനം കുറവുണ്ടായി.പ്രതിവാര കേസുകളിൽ ഏറ്റവും വലിയ കുറവ് റിപ്പോർട്ട് ചെയ്തത് കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലാണ് (17 ശതമാനം). പടിഞ്ഞാറൻ പസഫിക് മേഖലയിൽ 15 ശതമാനവും അമേരിക്കയുടെ മേഖലയില്‍ 14 ശതമാനവും ആഫ്രിക്കൻ മേഖലയില്‍ 12 ശതമാനവും തെക്കുകിഴക്കൻ ഏഷ്യ മേഖലയില്‍ 10 ശതമാനവും കുറവുണ്ടായി.  അതേസമയം, യൂറോപ്യൻ മേഖലയിലെ പ്രതിവാര കേസുകൾ മുമ്പത്തെ ആഴ്ചയിലേതിന് സമാനമായിരുന്നു. മരണനിരക്ക് യൂറോപ്യൻ, ആഫ്രിക്കൻ മേഖലകളിലൊഴികെ എല്ലാ പ്രദേശത്തും 15 ശതമാനത്തിലധികം കുറഞ്ഞു.

Related News