കുവൈത്തില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നു.

  • 06/10/2021

കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ത്വരിതപ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍. സമ്പൂര്‍ണ കുവൈറ്റൈസേഷന്‍റെ  ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ഈ വര്‍ഷത്തോടെ ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2017ലാണ് കുവൈറ്റൈസേഷന്‍ നയം പ്രഖ്യാപിച്ചത്. 2021 ഓടെ പൊതു മേഖലയിലെ ജോലിക്കാരില്‍ ഭൂരിപക്ഷവും കുവൈറ്റ് സ്വദേശികളാക്കുക എന്നതാണ് സ്വദേശിവത്കരണം കൊണ്ട്  ലക്ഷ്യമിടുന്നത്.വിവിധ മന്ത്രാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസുകള്‍ നല്‍കി കഴിഞ്ഞു. പ്രധാനമായും സാങ്കേതികേതര തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

2017 മുതല്‍ 16 സര്‍ക്കാര്‍ ഏജന്‍സികളില്‍ 13 എണ്ണം കുവൈറ്റൈസേഷന്‍ കൈവരിച്ചതായി കഴിഞ്ഞ സെപ്തംബറില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു.2019 ഡിസംബര്‍ വരെ 1.20 ലക്ഷം പ്രവാസികളാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, തുടര്‍ന്ന് കോവിഡ് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നേരത്തെ നിരവധി  സർക്കാർ ഏജൻസികള്‍ കുവൈറ്റൈസേഷൻ പ്രക്രിയ മാറ്റിവയ്ക്കണവെന്ന്  അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍  ആവശ്യം അംഗീകരിച്ചിരുന്നില്ല . 10 തൊഴില്‍ മേഖലയില്‍  ഈ വർഷം 100 ശതമാനം കുവൈറ്റൈസേഷന് വിധേയമാകും. വിവര മന്ത്രാലയം, ഷിപ്പിംഗ് , സാഹിത്യം, മാധ്യമം, കല, പബ്ലിക് റിലേഷൻസ്, വികസനം, അഡ്മിനിസ്ട്രേറ്റീവ് ഫോളോ അപ്പ്, സ്റ്റാറ്റിസ്റ്റിക്സ്, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലും  സർക്കാർ ഏജൻസികളിലും സമ്പൂര്‍ണ്ണ കുവൈറ്റൈസേഷന്‍ ഈ വര്‍ഷത്തോടെ നടപ്പിലാകും. 

വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് തുടങ്ങിയ മേഖലകളില്‍  97 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്. 75 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയ കാര്‍ഷിക മന്ത്രാലയമാണ് ഏറ്റവും പിറകില്‍ നില്‍ക്കുന്നത്. മന്ത്രാലയങ്ങളില്‍ വിദഗ്ധരായി ജോലി ചെയ്യുന്ന വിദേശികളെ ജോലിക്ക് തടസമുണ്ടാകാത്ത വിധം ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. കുവൈറ്റൈസേഷന്‍ ആക്കം കൂട്ടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. 

Related News