ഖുർആൻ കാലിഗ്രാഫി; ഫാത്തിമ ശഹ്ബയെ കെകെഎംഏ ആദരിച്ചു

  • 17/10/2021

കണ്ണൂർ : പതിനാല് മാസത്തെ കഠിന പ്രയത്നത്തിലൂടെ പരിശുദ്ധ ഖുർആൻ കാലിഗ്രാഫി ചാരുതയിൽ അറുനൂറ്റി നാല് പേജുകളിലായി പകർത്തി എഴുതിയ കണ്ണൂർ സിറ്റി കൊടപ്പറമ്പ് "അൽ ഹംദി''ൽ ഫാത്തിമ ഷഹ്ബയെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഏ) ആദരിച്ചു.

വിശുദ്ധ ഖുർആൻ കാലിഗ്രാഫിയിൽ പൂർണ്ണമായും എഴുതിയ പെൺ പോരിമ ചരിത്രത്തിൽ വിരളമാണ്. കോവിഡിനാൽ വീടുകളിൽ തളച്ചിടപ്പെട്ട പല പെൺ കുട്ടികളും ഖുർആനിലെ ചെറിയ സൂക്തങ്ങൾ കാലിഗ്രാഫിയിൽ ഉല്ലേഖനം ചെയ്തിട്ടുണ്ടെങ്കിലും സമ്പൂർണ്ണ ഖുർആൻ പകർത്തി എഴുതിയതിന്റെ മികവ് ഷഹ്ബയ്ക്ക് സ്വന്തമായി മാറി.

ഇന്റീരിയർ ഡിസൈനിങ്ങിന് പഠിക്കുന്ന എന്നാൽ കാലിഗ്രാഫിയിൽ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത പത്തൊമ്പതുകാരിയായ ഷഹ്ബ സ്വപ്രയത്നത്തിലൂടെ പകർത്തി എഴുതിയ ഖുർആൻ കുറ്റമറ്റതാണെന്ന് വിദഗ്ദർ വിലയിരുത്തിയിട്ടുണ്ട്. സൂറത്ത് യാസീൻ മലയാള തർജ്ജമയോടെ തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ. പ്രവാസിയായ ബി. വി. റഊഫിന്റെയും നാദിയയുടെയും മകളാണ് ഷഹ്ബ. 

കെകെഎംഏ പാട്രൺ പി. കെ. അക്ബർ സിദ്ദീഖിന്റെ നേതൃത്വത്തിൽ ഷഹ്ബയ്ക്ക് മോമെന്റോ നൽകി ആദരിക്കുന്ന ചടങ്ങിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ഒ. പി. ശറഫുദ്ധീൻ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം അറക്കൽ, ട്രഷറർ സുബൈർ ഹാജി, ജില്ലാ സെക്രട്ടറി ഖാലിദ് മംഗള, ഹനീഫാ മൂഴിക്കൽ, നഈമ്, ഇസ്‌ഹാഖ്,  ഹസ്സൻ കുഞ്ഞി, വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.

Related News