സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: ഡ്രോണ്‍ സൗദി എയര്‍ ഡിഫന്‍സ് സംഘം തകര്‍ത്തു

  • 17/10/2021


റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോണ്‍ സൗദി എയര്‍ ഡിഫന്‍സ് സംഘം തകര്‍ത്തു. ജിസാന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്ത വിവരം ശനിയാഴ്ച പുലര്‍ച്ചെയാണ് അറബ് സഖ്യസേന അറിയിച്ചത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആകാശത്ത് വെച്ച് തന്നെ നിര്‍വീര്യമാക്കുകയായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണ ശ്രമം തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് സൗദി വ്യക്തമാക്കിയിരുന്നു. 

ഈ മാസം ആദ്യം അബഹ വിമാനത്താവളത്തെയും ദക്ഷിണ സൗദിയിലെ ജിസാന്‍ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് എത്തിയ വിമാനത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തിടുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. 

എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. ഈ മാസം തന്നെ ജിസാനിലെ കിങ് അബ്‍ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് ഡ്രോണുകളും സൗദി വ്യോമസേന തര്‍ത്തുവെങ്കിലും ഇവയുടെ അവശിഷ്‍ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു.

Related News