കുവൈറ്റിലെ പ്രവാസ സമൂഹത്തിന് ആഹ്ലാദം പകർന്ന് റവ. സി. വി. സൈമൺ മലങ്കര മാർത്തോമ്മാ സഭ സെക്രട്ടറിയായി സ്ഥാനമേറ്റെടുക്കുന്നു

  • 20/10/2021

കുവൈറ്റ്‌ സിറ്റി : റവ. സി. വി. സൈമൺ മലങ്കര മാർത്തോമ്മാ സുറിയാനി സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ കുവൈറ്റിലെ പ്രവാസികളും, മാർത്തോമ്മാ സമൂഹവും ഏറെ ആഹ്ലാദത്തിലാണ്. കുവൈറ്റിലെ പ്രവാസികൾക്കിടയിൽ ഏറെ സുപരിചതനായ റവ. സി. വി. സൈമൺ 2012 - 2015 കാലഘട്ടത്തിൽ കുവൈറ്റ്‌ സെന്റ് ജോൺസ് ഇടവക വികാരിയായിരുന്നു. 2013 മെയ്‌ മുതൽ 6 മാസം കുവൈറ്റ്‌ സെന്റ് ജെയിംസ് ഇടവകയുടെ താത്ക്കാലിക വികാരിയുമായിരുന്നു. കുവൈറ്റ്‌ സെന്റ് ജോൺസ് ഇടവകയുടെയും, സെന്റ് പീറ്റേഴ്സ്, സെന്റ് ജെയിംസ് ഇടവകകളുടെയും  പ്രാരംഭകാലത്തെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വം കൂടിയാണ് റവ. സി. വി. സൈമൺ. കുവൈറ്റിലെ മറ്റ് മാർത്തോമ്മാ ഇടവകകൾക്കും, ക്രൈസ്തവ സഭകൾക്കും, കുവൈറ്റിലെ പൊതു സമൂഹത്തിനും നൽകിയ സംഭാവനകൾ ചെറുതല്ല. കുവൈറ്റ്‌ സെന്റർ മാർത്തോമ്മാ ജോയിന്റ് ഫെല്ലോഷിപ്പ് അമരക്കാരൻ എന്ന നിലയിൽ സെന്റർ കൺവൻഷന്  (മരുഭൂമിയിലെ മാരാമൺ) 3 വർഷം ധീരമായ നേതൃത്വം നൽകി. കുവൈറ്റ്‌ എപ്പിസ്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് (KECF), നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്‌ (NECK), കുവൈറ്റ്‌ ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) തുടങ്ങിയ സഭ ഐക്യ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവ സാനിദ്ധ്യമായിരുന്നു. റവ.സി.വി സൈമൺ കോന്നി അരുവാപ്പുലം കണ്ടത്തിങ്കൽ കുടുംബാംഗമാണ്. കല്ലേലി സെന്റ് തോമസ് ആണ് മാതൃ ഇടവക. സഭയുടെ തിരുവനന്തപുരം - കൊല്ലം ഭദ്രാസന സെക്രട്ടറി, തിരുവല്ല മാർത്തോമ്മാ പ്രസ്സ്‌ ഡയറക്ടർ, അയിരൂർ കർമ്മേൽ മന്ദിരം അഡ്മിനിസ്‌ട്രേറ്റർ, മാർത്തോമ്മ സഭാ കൗൺസിൽ അംഗം, വൈദിക തെരഞ്ഞെടുപ്പ് സമിതി അംഗം, മലങ്കര സഭാ താരക മാനേജർ, മാർത്തോമ്മാ പബ്ലിക്കേഷൻ സൊസൈറ്റി സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്.  കുവൈറ്റ്‌ സെന്റ് ജോൺസ് കൂടാതെ, മുംബൈ സാന്റാക്രൂസ്, ഇൻഡോർ, പുത്തൻകാവ്, മാരാമൺ തുടങ്ങിയ വിവിധ ഇടവകളിലും വികാരിയായിരുന്നു. ഇപ്പോൾ പത്തനംതിട്ട ഇടവക വികാരിയാണ്. സഹധർമ്മിണി ബെറ്റി സൈമൺ പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ആണ്. നവീന, നവ്യ എന്നിവരാണ് മക്കൾ. മാർത്തോമ്മാ യുവജനസഖ്യം അസിസ്റ്റന്റ് സെക്രട്ടറി റവ.തോമസ് ജോർജ് മരുമകനാണ്. തികഞ്ഞ ഭരണ നൈപുണ്യവും, മികച്ച സംഘടനാ പാടവവും കൈമുതലയുള്ള റവ. സി. വി. സൈമൺ മാർത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തെത്തുന്നത് ലോകമെങ്ങുമുള്ള വിശ്വാസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. 

Related News