സൗദിയില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ ഉടന്‍ സ്​കൂള്‍ തുറക്കില്ല; ഇ-ലേണിങ് തുടരും

  • 22/10/2021


യാംബു: സൗദിയില്‍ 12 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഈ മാസം 31ന്​ പ്രാഥമിക വിദ്യാലയങ്ങളും നഴ്‌സറി സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നേരത്തെ നിശ്ചയിച്ച തീരുമാനമാണ് കോവിഡ് വ്യാപനത്തിന്​ പൂര്‍ണശമനം വരാത്ത പശ്ചാത്തലത്തില്‍ ഉടന്‍ നടപ്പാക്കേ​െണ്ടന്ന്​ തീര്‍പ്പിലെത്തിയത്.

കുട്ടികളുടെ ആരോഗ്യ സുരക്ഷയും സ്‌കൂളുകള്‍ തുറന്നാല്‍ കാര്യങ്ങള്‍ എങ്ങനെ ആവുമെന്ന ശാസ്ത്രീയ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസവും കണക്കിലെടുത്താണ് തുറക്കാനുള്ള തീയതി ഇനിയും നീട്ടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 'മദ്റസത്തീ' എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തി​ന്റെയും 'റൗദത്തീ' പ്ലാറ്റ്ഫോമിലൂടെ നഴ്‌സറി വിഭാഗത്തി​െന്‍റയും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളില്‍ ഇന്‍റര്‍മീഡിയറ്റ്, സെക്കന്‍ഡറി, സര്‍വകലാശാല തലങ്ങളില്‍ ആഗസ്​റ്റ്​ 29 മുതല്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. രാജ്യത്തുള്ള സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്​. കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ അനുവാദം നല്‍കിയിരുന്നത്. പബ്ലിക്​ ഹെല്‍ത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച ആരോഗ്യ മുന്‍കരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങളില്‍ എത്തേണ്ടതെന്നും നേരത്തേ നിഷ്‌കര്‍ഷിച്ചിരുന്നു

Related News