ലെബനൻ അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി

  • 31/10/2021


റിയാദ്: ഇറക്കുമതി നിരോധനത്തിന് പിന്നാലെ ലെബനൻ അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി അറേബ്യ. ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യക്ക് പിന്നാലെ ബഹ്റൈനും കുവൈത്തും യുഎഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെയ്റൂത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വന്തം പൗരന്മാരെ ലെബനാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. അതേസമയം പ്രശ്‍നത്തിന് പരിഹാര നടപടികള്‍ ഉണ്ടാവണമെന്ന് ഒമാനും ഖത്തറും ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ നടത്തിവരുന്ന ഇടപെടലുകളെ ലെബനാനിലെ ഒരു മന്ത്രി വിമര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സൗദി അറേബ്യ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ ലെബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ലെബനാനില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതി തടയുകയും ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചു. ഒപ്പം സൗദി സ്വദേശികള്‍ ലെബനാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശിച്ചു.

സൗദി അറേബ്യയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ബഹ്റൈനും സമാനമായ നടപടികളുമായി രംഗത്തെത്തി. പിന്നാലെ കുവൈത്തും യുഎഇയും ലെബനാനില്‍ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചു. സഹോദര രാജ്യമായ സൗദി അറേബ്യയ്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സൗദി അറേബ്യയോടുള്ള ലെബനാന്‍ അധികൃതരുടെ സമീപനം സ്വീകാര്യമല്ലെന്നും യുഎഇ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. 48 മണിക്കൂറിനകം രാജ്യം വിടാന്‍ കുവൈത്തും ലെബനാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം പ്രശ്‍നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നും രാജ്യങ്ങളുടെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ലെബനാന്‍ മന്ത്രിയുടെ പ്രസ്‍താവനയെ അപലപിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, പ്രശ്‍നം പരിഹരിക്കാന്‍ ലെബനാന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

Related News