വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു; സംഭവം രാത്രി 12.15 ഓടെ

  • 01/11/2021

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലാണ് അപടമുണ്ടായത്.

2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു

നാലുപേരാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടമുണ്ടായത് 12.15ന്, പരിക്കേറ്റവരെ പുറത്തെടുത്തത് ഒരു മണിക്ക്

12.15ഓടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ഒരു മണിയോടെയാണ് പുറത്തെടുക്കുന്നത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നിരുന്നു. വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയതെന്നും ഡോർ പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തതെന്ന് സമീപത്തെ സെക്യൂരിറ്റി ജീവനക്കാരൻ സജി പറഞ്ഞു. അര മണിക്കൂറോളം എടുത്താണ് നാല് പേരെയും പുറത്തടുത്തത്. വാഹനം ഒടിച്ചിരുന്നയാൾക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് യാത്രക്കാരന്റെ പരിക്കും ഗുരുതരമല്ല. പോലീസും ആംബുലൻസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സജി കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുന്നിൽ സഞ്ചരിച്ച ബൈക്കിലാണ് കാർ ഇടിച്ചത്. ബൈക്കിന്റെ സൈലൻസർ ഇളകിയ നിലയിലാണ്. കാറിന്റെ ടയർ തകർന്ന് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പും പോലീസും സംഭവസ്ഥലത്ത് പരിശോധന നടത്തി. കാറിന്റെ വേഗത സംബന്ധിച്ച കാര്യങ്ങൾ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Related News