ജോജു ജോര്‍ജ് ക്രിമിനല്‍, മുണ്ടു മടക്കിക്കുത്തി തറ ഗുണ്ടയായി സമരക്കാരോട് പെരുമാറി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ. സുധാകരന്‍

  • 01/11/2021

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജു ജോര്‍ജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു.

‘സിനിമാ രംഗത്തുള്ള ഒരു വ്യക്തി മദ്യപിച്ച് ആ സമരമുഖത്ത് കാണിച്ച അക്രമങ്ങള്‍ വളരെ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. അദ്ദേഹം മദ്യപിച്ചിരുന്നു എന്നത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും ഇതുവരെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല.

സ്ത്രീകളായ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ പരാതി കൊടുക്കാന്‍ പോകുകയാണ്. ആ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലയെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്.

കോണ്‍ഗ്രസിന്റെ വികാരം മാത്രമല്ല ഒരു സമൂഹത്തിന്റെ വികാരമാണ് ഇത്. ആ വികാരം പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യരാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെ എന്താണ് അവകാശം. ഇത്രയും കടുത്ത അനീതി കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍, ഒരു മണിക്കൂര്‍ സമയമെങ്കിലും റോഡ് ബ്ലോക്ക് ചെയ്തുള്ള സമരമൊക്കെ സ്വഭാവികമാണ്

അദ്ദേഹം വിളിച്ചുകൂവുന്ന അസഭ്യമായ വാക്കുകളൊക്കെ ചാനല്‍ തുറന്നാല്‍ നമുക്ക് കാണാം. എല്ലാവരും ഇത് കാണുന്നുണ്ട്. അദ്ദേഹം മുണ്ടും മാടിക്കുത്തി പോകുകയാണ്. ഒരു തറഗുണ്ട പോലെ അവിടെ പെരുമാറി, സമരക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട്, അപമര്യാദയായി പെരുമാറിയതിന് പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയേയും സമൂഹത്തിനേയും ബോധ്യപ്പെടുത്താന്‍ പറ്റുന്ന നടപടിയാകണം,’ സുധാകരന്‍ പറഞ്ഞു.

ജോജുവിന്റെ വാഹനം തകര്‍ത്തതിനേയും സുധാകരന്‍ ന്യായീകരിച്ചു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെ നിന്നിട്ടില്ലേ. മറ്റേതെങ്കിലും വാഹനത്തിന്റെ ചില്ല് പൊളിഞ്ഞോ,
അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകര്‍ത്തെങ്കില്‍ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നു അത്ഭുതം. ഇനി എപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങള്‍ എന്താണ് പ്രതികരിക്കാത്തതെന്ന് ആളുകള്‍ ഞങ്ങളോട് ചോദിക്കുന്നു. ഇന്നലെ വരെ ആളുകള്‍ എന്നോട് ചോദിച്ചു. പ്രതിപക്ഷം പ്രതികരിക്കുന്നില്ലേ എന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്ന നാടാവുന്നു ഇത്.

ഞങ്ങള്‍ എന്തെങ്കിലും ദ്രോഹം ചെയ്‌തോ. ഒരു മണിക്കൂര്‍ മാത്രമാണ് ഞങ്ങള്‍ സമരം ചെയ്തത്. ഇത് ഇത്രയും വലിയ കുറ്റമാണെന്ന് ആരും പറയില്ല. ഈ സമരത്തോടും സമരം തകര്‍ക്കാന്‍ ശ്രമിച്ച ജോജു എന്ന് പറയുന്ന ക്രമിനലിനോടും ഈ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കി നാളത്തെ കാര്യം ഞങ്ങള്‍ തീരുമാനിക്കും, സുധാകരന്‍ പറഞ്ഞു.

Related News