തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.
നവംബർ മാസം മുതൽ പുതുക്കിയ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണനാ മുൻഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാർക്കും പുതിയ വിലയാണ് നൽകേണ്ടി വരുക.
45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലർ കമ്മീഷൻ ട്രാൻസ്പോർട്ടേഷൻ നിരക്ക്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും.
പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. സെപ്റ്റംബർ 24 ന് ശേഷം കേരളത്തിൽ പെട്രോളിന് മാത്രം കൂടിയത് 8.86 രൂപയും ഡീസലിന് 10.33 രൂപയുമാണ് കൂടിയത്. ഇക്കാലത്തിനിടെ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില കൂട്ടി. ഇന്നത്തെ വില വർധനയോടെ പെട്രോളിന് തിരുവനന്തപുരത്ത് 112.41 രൂപയായി.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിൻഡറിന് തിങ്കളാഴ്ച 268 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 1994 രൂപയായി. ഗാർഹിക സിലിൻഡറിന്റെ (14.2 കിലോ) വില 906.50 രൂപയിൽ തുടരുന്നു. അഞ്ചുകിലോഗ്രാം സിലിൻഡറിന് 73.5 രൂപ കൂട്ടി, 554.5 രൂപയായി. ഈവർഷം മാത്രം വാണിജ്യ സിലിൻഡറിന് 400 രൂപയിലധികവും ഗാർഹിക എൽ.പി.ജി.ക്ക് 205 രൂപയോളവും കൂട്ടി.
പ്രകൃതിവാതകവില കത്തിക്കയറുന്നു, കിലോഗ്രാമിന് 70 രൂപ. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകവില കുതിച്ചുയരുന്നു. തൃശ്ശൂരിലെ പമ്പുകളിൽ നവംബർ ഒന്നിന് കിലോഗ്രാമിന് 70 രൂപയെത്തി. രണ്ടുമാസത്തിനിടെ പത്തുരൂപയാണ് ഉയർന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?