ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്: പങ്കാളിയായി സ്വിസ് കമ്പനി ഹെസ് തന്നെ

  • 02/11/2021


തിരുവനന്തപുരം: സ്വിറ്റ്സർലന്റ് കമ്പനി ഹെസുമായി ചേര്‍ന്നുള്ള ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. സംയുക്ത കമ്പനി രൂപീകരിക്കുന്നതിലുള്ള പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ആഗോള ടെണ്ടര്‍ വിളിക്കാതെ ഹെസുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് വിവാദമായിരുന്നു. 

കേരള ഓട്ടോ മുബൈല്‍സ് ലിമിറ്റഡ്, കെ.എസ്.ആർ.ടി.സി, സ്വിസ് കമ്പനി ഹെസ് എന്നിവര്‍ ചേരുന്ന സംയുക്ത പദ്ധിതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. 6000 കോടി രൂപ മുതല്‍ മുടക്കി 4000 ഇലക്ട്രോണിക്സ് ബസ് നിര്‍മിക്കാനാണ് തീരുമാനം. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നീക്കമെന്ന ആരോപണം ഉയര്‍ന്നതോടെ നടപടികള്‍ നിലച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. സംയുക്ത കമ്പനി രൂപീകരണ നടപടികളുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. 

പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ചുമതലപ്പെടുത്തിയതടക്കം നേരത്തെ വിവാദത്തിനിടയാക്കി. സ്വിസ് കമ്പനിക്ക് 51 ശതമാനം ഓഹരിയെന്ന വ്യവസ്ഥയെയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. കരാര്‍ ആര്‍ക്കെന്ന് തീരുമാനിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശം. ആരോപണങ്ങളെല്ലാം തുടരുമ്പോഴും പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്നാണ് സൂചനകള്‍.

Related News