ഒരു ഡോസ് വാക്സീനെടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശിക്കാം: വിവാഹത്തിന് 200 പേര്‍ക്ക് പങ്കെടുക്കാം; കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനം

  • 03/11/2021



തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊറോണ അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. 

ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം നൽകാൻ ഇന്നത്തെ അവലോകനയോഗത്തിൽ തീരുമാനമായത്. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. 

വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും അവലോകനയോഗത്തിൽ ധാരണയായിട്ടുണ്ട്. വിവാഹങ്ങളിൽ നൂറ് മുതൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകാൻ അവലോകനയോഗത്തിൽ തീരുമാനമായി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹചടങ്ങുകളിൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ടാവും. 

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്കൂളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിർദേശം നൽകിയിട്ടുണ്ട്.

തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ  വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ചചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തീയറ്ററുകളിലെ കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്ന ആവശ്യവും സർക്കാരിൻറെ പരിഗണനയിലാണ്.

Related News