കെഎസ്ആർടിസി സംഘനകളുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

  • 04/11/2021

കെഎസ്ആർടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം. ഇന്ന് അർധരാത്രി മുതൽ ശനിയാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്.

നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും.

എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സാവകാശം തേടിയപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.


Related News