പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

  • 06/11/2021



റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവത്കരണം വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം 23.59 ശതമാനമായി ഉയര്‍ന്നു. മുന്‍പാദത്തേക്കാള്‍ 0.96 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ലേബര്‍ ഒബ്‌സര്‍വേറ്ററി വിങാണ് ഈ വിവരം വെളിപ്പെടുത്തിയത്. 

ഈ കാലയളവില്‍ സൗദി തൊഴിലാളികളുടെ എണ്ണം  60,000ത്തോളം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഡാറ്റ അനുരിച്ച് 2021 മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം  1,826,875 ആണ്. 3.41 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 65.06 ശതമാനം പുരുഷന്‍മാരും 34.94 ശതമാനം സ്ത്രീകളുമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സ്വദേശികളായ 2 ലക്ഷത്തിലധികം യുവാക്കള്‍ക്കും യുവതികള്‍ക്കും സഹായം നല്‍കിയതായി മാനവ വിഭവശേഷി വികസന നിധി അധികൃതർ അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കാണിത്. തൊഴില്‍ സഹായ സേവനങ്ങള്‍, ദേശീയ കേഡറുകളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ എന്നിവ വഴിയാണ് ഇത്രയും പേര്‍ക്ക് സഹായം നല്‍കിയത്. 

Related News