കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ടു കേരള ഹൈക്കോടതിയിൽ ഹർജി

  • 16/11/2021

 കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും  നല്കണമെന്നാവശ്യപ്പെട്ടു   പ്രവാസി  ലീഗൽ  സെൽ  ഗ്ലോബൽ  പ്രസിഡന്റ്  അഡ്വ. ജോസ്  എബ്രഹാമാണ്  കേരള ഹൈക്കോടതിയിൽ ഹർജി  നൽകിയത്. 

കോവിഡിൽ  മരണമടഞ്ഞവരുടെ കുടുംബത്തിന്  ധനസഹായം നൽകണമെന്ന  സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ  ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച്‌  അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം  രൂപ വീതം കുടുംബാംഗങ്ങൾക്ക്  നൽകേണ്ടത്. കോവിഡിനെ  തുടർന്ന്  വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന്  നിർദേശം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടു  പ്രവാസി ലീഗൽ  സെൽ  മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും  ഉത്തരവ്  വാങ്ങിയിരുന്നു.

കേരളത്തിൽ ധനസഹായത്തിനായി അപേക്ഷ നൽകിയ പ്രവാസികുടുംബങ്ങളുടെ അപേക്ഷ  വിദേശ രാജ്യത്തു മരണമഞ്ഞവർക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താൽ   അപേക്ഷ സ്വീകരിക്കുന്നതുതന്നെ നിരസിക്കപ്പെടുന്ന  സാഹചര്യത്തിൽ  കേരള  മുഖ്യമന്ത്രി ഈ  വിഷയത്തിൽ അടിയന്തിരമായി ഇടപെടണം  എന്നാവശ്യപ്പെട്ടുകൊണ്ടു നിവേദനം നൽകിയിരുന്നു. തുടർന്ന് നടപടി ഉണ്ടാകാത്തതിനാലും പ്രവാസികളെ മാറ്റിനിർത്തുന്ന  വിവേചനപരമായ നിലപാട് തുടരുന്ന  ഘട്ടത്തിലുമാണ്    പ്രവാസി ലീഗൽ  സെൽ  ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത് കേസ്സ് നാളെ ( 17/11/2021) ന്  കോടതി പരിഗണിക്കും. വിഷയത്തിൽ കോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ  പത്രക്കുറിപ്പിൽ  അറിയിച്ചു.

Related News